Thursday, July 2, 2009

തുഴ മുറിഞ്ഞൊരു തോണിയില്‍

രണ്ടേ രണ്ട് പേര്‍ മാത്രമേ
ഉറങ്ങാതിരിക്കുന്നുള്ളൂ.
തണുപ്പില്‍, പത്താം നിലയിലെ
ബാല്‍ക്കണിയിലേക്ക് വീശിയടിക്കുന്ന
മഴക്കാറ്റില്‍ തണുത്ത് വിറച്ച്
ചുവരിലേക്ക് അധികം ചേര്‍ന്ന്
കെട്ടിപ്പുണര്‍ന്ന്.

ദൂരെ രണ്ട് കരകളെ കൂട്ടുന്ന
പാലത്തിലൂടെ രാത്രി വണ്ടികള്‍
ഉയരങ്ങളിലെ വീടുകളില്‍
ഉറക്കത്തില്‍ ഞെട്ടിയുണരുന്ന
കുഞ്ഞുങ്ങള്‍ക്കായി
തെളിച്ച തരി വെട്ടങ്ങള്‍
മിന്നലില്‍ തെളിഞ്ഞ് മറയുന്ന
ആരും താമസിക്കാനിടയില്ലാത്ത
കായലിനരികിലെ വീട്

കിളരമേറിയ ആരോ ഒരാള്‍
മുറ്റത്ത് നില്‍ക്കുന്നെണ്ടെന്ന്
ഉയരങ്ങളിലേക്ക് പറന്ന് വന്ന്
ഒളിഞ്ഞ് നോക്കുന്നുണ്ടെന്ന്
ഒരു മിഴിച്ചിന്നലില്‍ അവള്‍

ഒസ്യത്തെഴുതി വച്ച്
യാത്ര പോയൊരാള്‍
പൊടുന്നനെ
തിരികെ വരുന്ന നേരം
മരണവീടിന്റെ മാറാനിശബ്ദത
അടഞ്ഞ കരച്ചില്‍
മുറി നിറച്ചനങ്ങുന്നുണ്ട്

പെരുവിരല്‍ കുത്തിയെഴുന്നേറ്റ
പിശറന്‍ കാറ്റ് മൂളിത്തുടങ്ങി
മുറുകെപ്പുണരുക,
ഇത് വേര്‍പിരിയലിന്റെ രാത്രിയാണ്

Friday, June 26, 2009

ഏകാന്തതയുടെ കുത്തി വരകള്‍


വലത് തോളിന്റെ താഴെ ഒരു
മറുകിന്റെ നടുവില്‍ നിന്നാണ്
ഞരമ്പ് ആരംഭിക്കുന്നത്
ഒരു നീല ഞരമ്പ്

വിരലാഴ്ത്തിയാല്‍ രക്തമോടുന്നത്
കാണാം, തവിട്ട് നിറത്തിലെ
മുലഞെട്ടിലേക്കെത്തുമ്പോഴാണ്
കാണാതാവുക.
അമര്‍ത്തിക്കടിച്ചാല്‍ പല്ലിനാഴത്തില്‍
നൊടിനേരം മിന്നിമറയും നീലനിറം
ഒരാകാശം

ചുവന്ന രജായിയില്‍ മൂടിക്കിടക്കെ
തുളുമ്പുന്ന നിന്റെ മുലകള്‍ക്കിടയില്‍
ഒരാകാശമുണ്ട്, കടലും.

തല കീഴായ് പെയ്തിറങ്ങുന്ന കടല്‍
കറുത്തിരുണ്ട് പെയ്യും
തിരകളിരമ്പും
കൊള്ളിയാന്‍ മിന്നിത്തെറിക്കും

അവിടെ നീയൊരു
വഴുക്കുള്ള തുള്ളിക്കടല്‍
സുതാര്യമായ ഭൂപടത്തിലെ
ഏകാന്തതയുടെ കുത്തി വരകള്‍