Thursday, July 2, 2009

തുഴ മുറിഞ്ഞൊരു തോണിയില്‍

രണ്ടേ രണ്ട് പേര്‍ മാത്രമേ
ഉറങ്ങാതിരിക്കുന്നുള്ളൂ.
തണുപ്പില്‍, പത്താം നിലയിലെ
ബാല്‍ക്കണിയിലേക്ക് വീശിയടിക്കുന്ന
മഴക്കാറ്റില്‍ തണുത്ത് വിറച്ച്
ചുവരിലേക്ക് അധികം ചേര്‍ന്ന്
കെട്ടിപ്പുണര്‍ന്ന്.

ദൂരെ രണ്ട് കരകളെ കൂട്ടുന്ന
പാലത്തിലൂടെ രാത്രി വണ്ടികള്‍
ഉയരങ്ങളിലെ വീടുകളില്‍
ഉറക്കത്തില്‍ ഞെട്ടിയുണരുന്ന
കുഞ്ഞുങ്ങള്‍ക്കായി
തെളിച്ച തരി വെട്ടങ്ങള്‍
മിന്നലില്‍ തെളിഞ്ഞ് മറയുന്ന
ആരും താമസിക്കാനിടയില്ലാത്ത
കായലിനരികിലെ വീട്

കിളരമേറിയ ആരോ ഒരാള്‍
മുറ്റത്ത് നില്‍ക്കുന്നെണ്ടെന്ന്
ഉയരങ്ങളിലേക്ക് പറന്ന് വന്ന്
ഒളിഞ്ഞ് നോക്കുന്നുണ്ടെന്ന്
ഒരു മിഴിച്ചിന്നലില്‍ അവള്‍

ഒസ്യത്തെഴുതി വച്ച്
യാത്ര പോയൊരാള്‍
പൊടുന്നനെ
തിരികെ വരുന്ന നേരം
മരണവീടിന്റെ മാറാനിശബ്ദത
അടഞ്ഞ കരച്ചില്‍
മുറി നിറച്ചനങ്ങുന്നുണ്ട്

പെരുവിരല്‍ കുത്തിയെഴുന്നേറ്റ
പിശറന്‍ കാറ്റ് മൂളിത്തുടങ്ങി
മുറുകെപ്പുണരുക,
ഇത് വേര്‍പിരിയലിന്റെ രാത്രിയാണ്

10 comments:

ദേവസേന said...

വേര്‍പിരിയലിന്റെ രാത്രി. :(
സങ്കടായി.

ലേഖാവിജയ് said...
This comment has been removed by the author.
കെ.പി റഷീദ് said...
This comment has been removed by the author.
കെ.പി റഷീദ് said...

ആരാവും നമുക്കിടയിലെ
മൂന്നാമനെന്ന്
വേസ്റ്റ്ലാന്റില്‍
ഏലിയറ്റ് വെറുതെ
പറഞ്ഞുപോവുന്നുണ്ട്.
അതിനപ്പുറം,
തീ പോലെ കത്തുന്ന
രണ്ടുപേര്‍ക്കിടയിലെ
അപര സാന്നിധ്യത്തെ
അനുഭവിപ്പിക്കുന്നു
എല്ലു തുളക്കുന്ന ഭീതിയുടെ
കൈയടക്കത്തോടെ
ഇക്കവിത.

വേര്‍പിരിയല്‍
തന്നെയല്ലേ
കണ്ടുമുട്ടലും!

പകല്‍കിനാവന്‍ | daYdreaMer said...

പെരുവിരല്‍ തുമ്പു പോലും പെരുത്തു പോയി... നല്ല കവിത...

വാഴക്കോടന്‍ ‍// vazhakodan said...

വേര്‍പിരിയലിന്റെ രാത്രി. :(
നല്ല കവിത...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

രണ്ടു കവിതകളും വായിച്ചു. എന്താ പറയുക .. !

വയനാടന്‍ said...

'ഒസ്യത്തെഴുതി വച്ച്
യാത്ര പോയൊരാള്‍
പൊടുന്നനെ
തിരികെ വരുന്ന നേരം
മരണവീടിന്റെ മാറാനിശബ്ദത
അടഞ്ഞ കരച്ചില്‍
മുറി നിറച്ചനങ്ങുന്നുണ്ട്"
എന്തെഴുതണമെന്നറിയില്ല സുഹ്രുത്തേ; സത്യം. ഒന്നുറപ്പ്‌
ഇതു വായിച്ചു ഞാനുമിന്നുറങ്ങില്ല.

Teena C George said...

കിളരമേറിയ ആരോ ഒരാള്‍
മുറ്റത്ത് നില്‍ക്കുന്നെണ്ടെന്ന് വെറുതെ ഒരു പിടച്ചില്‍...

M.R.Anilan -എം. ആര്‍.അനിലന്‍ said...

പെരുവിരല്‍ കുത്തിയെഴുന്നേറ്റ
പിശറന്‍ കാറ്റ് മൂളിത്തുടങ്ങി
മുറുകെപ്പുണരുക,
ഇത് വേര്‍പിരിയലിന്റെ രാത്രിയാണ്
- nannaayorikkunnu !!!